രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിനു സാധ്യത ; ഐബി റിപ്പോർട്ട്
army

രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഐബി റിപ്പോർട്ട്. രാജ്യത്തിൻ്റെ 75ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകളുടെ ആക്രമണ ഭീഷണി നിലനിക്കുന്നുണ്ടെന്ന് ഐബി ഡൽഹി പൊലീസിനു റിപ്പോർട്ട് നൽകി.

ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. പ്രധാന ആഘോഷങ്ങൾ നടക്കുന്ന ചെങ്കോട്ടയുടെ സുരക്ഷ വർധിപ്പിക്കണം. ചടങ്ങിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ വർഷം ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികംത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇക്കാര്യം അറിയിച്ചു.

കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയും ഇക്കാര്യം അറിയിച്ചു. ആഗസ്റ്റ് 2 മുതൽ 15 വരെ രാജ്യത്തെ പൗരന്മാർ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രമായി 'ത്രിവർണ്ണ പതാക' ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു .

പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിലാണ്' പ്രധാനമന്ത്രിയുടെ ആഹ്വാനം . ഓഗസ്റ്റ് 13 മുതൽ 15 വരെ 'ഹർ ഘർ തിരംഗ' ക്യാമ്പയിനിൽ പങ്കുചേർന്ന് വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നും മോദി ഓർമിപ്പിച്ചു. "ദേശീയ പതാക രൂപകൽപന ചെയ്ത പിംഗ്ലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് 2.

ആഗസ്റ്റ് 2 നും 15 നും ഇടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ 'ത്രിവർണ്ണ പതാക' പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന ഇന്ത്യ മഹത്തായതും ചരിത്രപരവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്" – പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 91-ാമത് പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
 

Share this story