തെലങ്കാനയിൽ അനധികൃതമായി 110 അലക്സാൻഡ്രൈൻ തത്തകളെ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

A youth who tried to illegally smuggle 110 Alexandrine parrots in Telangana was arrested
A youth who tried to illegally smuggle 110 Alexandrine parrots in Telangana was arrested

ഹൈദരാബാദ്: അനധികൃതമായി കടത്തുകയായിരുന്ന 110 അലക്സാൻഡ്രൈൻ തത്തകളെ പിടിച്ചെടുത്ത് തെലങ്കാനയിലെ വനംവകുപ്പ് അധികൃതർ. തെലങ്കാന ഹൈക്കോടതിക്കരികെ നടത്തിയ പരി​ശോധനയിലാണ് സംസ്ഥാനത്തെ സൗത്ത് സോൺ ടാസ്ക് ഫോഴ്സ് പൊലീസ് ഇവയെ പിടിച്ചെടു​ത്തത്. തത്തകളെ കടത്തുകയായിരുന്ന മുഹമ്മദ് ഫാറൂഖ് എന്നയാളെ അറസ്റ്റ് ചെയ്തു.

ബൈക്കിലാണ് ഫാറൂഖ് 110 തത്തകളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അപൂർവമായി കണ്ടുവരുന്ന അലക്സാൻഡ്രൈൻ തത്തകളെ ജോടിക്ക് ആയിരം രൂപയെന്ന നിലയിൽ വിൽപനക്കായി താൻ വാങ്ങിക്കൊണ്ടുവരികയാണെന്നാണ് ഇയാൾ നൽകിയ മൊഴി. പിടിച്ചെടുത്ത തത്തകളെ വനംവകുപ്പിന് കീഴിലുള്ള ആരണ്യ ഭവൻ അധികൃതർക്ക് കൈമാറി. ഇവയെ പിന്നീട് പരിചരണത്തിനും ചികിത്സക്കുമായി ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിലെത്തിച്ചു.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പരിരക്ഷയുള്ള ജീവിയാണ് വംശനാശം നേരിടുന്ന അലക്സാൻഡ്രൈൻ തത്തകൾ. അലക്സാണ്ടർ ചക്രവർത്തിയുടെ പേരിൽനിന്നാണ് ഈ തത്തകൾക്ക് അലക്സാൻഡ്രൈൻ പാരറ്റ് എന്ന് പേരുവന്നത്. പഞ്ചാബ് മേഖലയിൽനിന്ന് യൂറോപ്പിലേക്കും മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്കും അനേകം തത്തകളെ അദ്ദേഹം കയറ്റി അയച്ചിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ തത്തകളെ കൈവശം വെക്കുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്. മൂന്നുമുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ​അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

 

Tags