ഭോപ്പാലിൽ ക്ഷേത്രം സന്ദർശിക്കാൻ പോയ കൗമാരക്കാരിയെ ആറോളം യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
rape

ഭോപ്പാൽ : ക്ഷേത്രം സന്ദർശിക്കാൻ പോയ കൗമാരക്കാരിയെ ആറോളം യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് മധ്യപ്രദേശിലെ രേവ ജില്ലയിലെ നൈഗർഹിയിൽ ആണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്, ഒളിവിലുള്ള മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ ആരംഭിച്ചു. 

അതേസമയം കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് നൈഗർഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ അശതാഭുജി മാതാ ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൗമാരക്കാരിയായ പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം നടക്കാൻ പോകുകയും ക്ഷേത്രം സന്ദർശിക്കുകയും ചെയ്ത് ക്ഷേത്രത്തിന് സമീപം  സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആറ് യുവാക്കൾ അവരുടെ അടുത്തേക്ക് വന്നത്.

പ്രതികൾ പെൺകുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ വെള്ളച്ചാട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി സുഹൃത്തിന്റെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതികൾ മർദ്ദിക്കുകയും മൊബൈൽ ഫോണും പാദസരവും തട്ടിയെടുക്കുകയും ചെയ്തു. സംഭവം പുറത്ത് അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും യുവാക്കൾ ഭീഷണിപ്പെടുത്തി. പെൺകുട്ടിയും സുഹൃത്തും എങ്ങനെയോ പൊലീസ് സ്റ്റേഷനിലെത്തി ക്രൂരത വിവരിച്ചു.

നൈഗർഹി പൊലീസ് ഉടൻ ഇവരുടെ വീട്ടുകാരെ വിവരം അറിയിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമാണെന്നും ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടിയതായും പൊലീസ് പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രസക്തമായ വകുപ്പുകൾ അടക്കം ചുമത്തി പൊലീസ് കേസെടുത്തു. 

Share this story