കർണാടകയിലെയും തമിഴ്‌നാട്ടിലെയും പ്ലാന്റുകളിലേയ്‌ക്ക് 4,000 വനിതാ ടെക്നീഷ്യൻമാരെ ജോലിക്ക് നിയമിക്കാനൊരുങ്ങി ടാറ്റ

tata
tata

ബെംഗളൂരു : കർണാടകയിലെയും തമിഴ്‌നാട്ടിലെയും സ്ഥാപനങ്ങളിലേയ്‌ക്ക് 4,000 വനിതാ ടെക്നീഷ്യൻമാരെ ജോലിക്ക് നിയമിക്കാനൊരുങ്ങി ടാറ്റ. ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ രഞ്ജൻ ബന്ദോപാധ്യായയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഉത്തരാഖണ്ഡിൽ നിന്നുള്ള സ്ത്രീകളെയാണ് ജോലിയ്‌ക്കായി നിയമിക്കുക . ഇതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പ് സംസ്ഥാന ആസൂത്രണ വകുപ്പിന് കത്ത് നൽകി.

തമിഴ്‌നാട്ടിലെ ഹൊസൂർ കേന്ദ്രത്തിലും കർണാടകയിലെ കോലാറിലും വനിതാ സാങ്കേതിക വിദഗ്ധരെ വിന്യസിക്കും. നാഷണൽ അപ്രൻ്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീമിന് കീഴിൽ റിക്രൂട്ട്‌മെൻ്റിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത ക്ലാസ് 10 അല്ലെങ്കിൽ പ്ലസ് ടു ആണ്. നാഷണൽ അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന് ഏറ്റവും കുറഞ്ഞ യോഗ്യത ക്ലാസ് 10, പ്ലസ് ടു അല്ലെങ്കിൽ ഐടിഐ ഡിപ്ലോമയാണ്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന് (NATS) കീഴിലുള്ള ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡും കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ അപ്രൻ്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീമും (NAPS) ചേർന്നാകും വനിതകൾക്ക് പരിശീലനം നൽകുക. സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ ശ്രമങ്ങൾക്ക് പുതിയ തലം നൽകുന്നതാണ് ഈ നീക്കം.

Tags