എന്‍ഡിഎയില്‍ ചര്‍ച്ച തുടരുന്നു

nda

എന്‍ഡിഎ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും എന്‍ഡിഎ എംപിമാരുടെ യോഗവും ഇന്ന് ചേരും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും.

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ ജെഡിയു, ടിഡിപി പാര്‍ട്ടികളുമായി സമവായത്തില്‍ എത്തിയിട്ടില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട വകുപ്പുകളിലാണ് രണ്ട് പാര്‍ട്ടികളുടേയും കണ്ണ്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിക്ക് പറമെ, സ്പീക്കര്‍ സ്ഥാനം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലും ടിഡിപിക്ക് നോട്ടമുണ്ട്. സ്പീക്കര്‍ സ്ഥാനത്തില്‍ ജെഡിയുവും അവകാശം ഉന്നയിച്ചു.
സഹമന്ത്രി ഉള്‍പ്പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങളില്‍ നിതീഷ് കുമാര്‍ കണ്ണ് വെക്കുന്നു. നിതീഷ് കുമാറുമായി അശ്വിനി വൈഷ്ണവും ചന്ദ്രബാബു നായിഡുവായി പീയൂഷ് ഗോയലും ചര്‍ച്ചകള്‍ നടത്തും. ഘടക കക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയായാല്‍ ഉടന്‍ ബിജെപി മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ച നടക്കും. രാവിലെ 11 മണിക്ക് സംസ്ഥാന അധ്യക്ഷന്മാര്‍ അടക്കം പങ്കെടുക്കുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. എന്‍ഡിഎ എംപിമാരുടെ യോഗവും ഇന്ന് നടക്കും.

Tags