വളര്‍ത്തുനായയെ ഭയന്ന് ഓടിയ സ്വിഗ്ഗി ഡെലിവറി ഏജന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു

Swiggy


ഹൈദരാബാദ്: ഹൈദരാബാദില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ വളര്‍ത്തുനായയെ ഭയന്ന് ഓടിയ സ്വിഗ്ഗി ഡെലിവറി ഏജന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. ഭക്ഷണം വിതരണം ചെയ്യാനെത്തിയ വീട്ടിലെ വളര്‍ത്തുനായയാണ് മുഹമ്മദ് റിസ്വാന്‍ എന്ന 23കാരനെ ഓടിച്ചത്. 


 ജനുവരി 11 ന് ബഞ്ചാര ഹില്‍സിലെ ലുംബിനി റോക്ക് കാസില്‍ അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് മുഹമ്മദ് റിസ്വാന്‍ വീണത്. ഞായറാഴ്ചയാണ് റിസ്വാന്‍ മരിച്ചത്. 

റിസ്വാന്‍ വീടിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ നായ അയാള്‍ക്ക് നേരെ കുതിച്ചു ചാടിയെങ്കിലും ഭയന്ന റിസ്വാന്‍ പുറകെ നായയും പിന്നാലെ ഓടി. റിസ്വാന്‍ റെയിലിംഗില്‍ നിന്ന് ചാടാന്‍ ശ്രമിച്ചെങ്കിലും കാല് വഴുതി വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. നായയുടെ ഉടമ ഇയാളെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരണം സംഭവിച്ചു. 


ഐപിസി 304-ാം വകുപ്പ് പ്രകാരം ഉടമയ്‌ക്കെതിരെ കേസെടുത്തതായി ബഞ്ചാര ഹില്‍സ് ഇന്‍സ്‌പെക്ടര്‍ നരേന്ദര്‍ പറഞ്ഞു. റിസ്വാന് നീതി വേണമെന്ന് ആവശ്യപ്പെട്ട് ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ സഹോദരന്‍ പരാതി നല്‍കി.
 

Share this story