ഗ്യാന്‍വാപി പള്ളി : ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും
supremecourt

ന്യൂഡല്‍ഹി: കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്ത ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താനുള്ള നീക്കം തടയണമെന്നും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും.

സിവില്‍ കോടതി ഉത്തരവിനെതിരെ പള്ളി പരിപാലിക്കുന്ന അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെ ലിസ്റ്റ് ചെയ്തു. കേസിനെ കുറിച്ച്‌ ധാരണയില്ലെന്നും രേഖകള്‍ പരിശോധിച്ച ശേഷം ഹർജി ലിസ്റ്റ് ചെയ്യാമെന്നും വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചിരുന്നു. ഇതിനു പിറകെ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹരജി ലിസ്റ്റ് ചെയ്യുകയായിരുന്നു.

പ്ലേസ് ഓഫ് വര്‍ഷിപ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന പള്ളിയാണ് ഗ്യാന്‍വാപി. അവിടെ സര്‍വേ നടത്താന്‍ അനുമതി നല്‍കാനാവില്ലെന്നായിരുന്നു ഹർജിക്കാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഗ്യാന്‍വാപി പള്ളി കോംപ്ലക്സ് വിഡിയോഗ്രഫി സര്‍വേക്ക് നിയോഗിച്ച അഭിഭാഷക കമീഷനെ മാറ്റാന്‍ കഴിഞ്ഞദിവസം സിവില്‍ കോടതി വിസമ്മതിച്ചിരുന്നു.

മേയ് 17നകം സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അഭിഭാഷക കമീഷന് നിര്‍ദേശം നല്‍കുകയുണ്ടായി. ഇതിന് പിറകെയാണ് പള്ളി പരിപാലന കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്.

Share this story