നിലപാട്‌ മാറ്റി കേന്ദ്രം: 124 എ വകുപ്പ്‌ പുനഃപരിശോധിക്കാമെന്ന്‌ സത്യവാങ്ങ്‌മൂലം

google news
supremecourt

ന്യൂഡല്‍ഹി : രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കുന്ന 124 എ വകുപ്പ് സംബന്ധിച്ച നിലപാട് മാറ്റി കേന്ദ്രസര്‍ക്കാര്‍.വകുപ്പ് പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു.ബന്ധപ്പെട്ട അധികൃതര്‍ ഈ വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കുന്നത് വരെ 124 എ വകുപ്പിന്റെ നിയമസാധുത പരിശോധിക്കുന്നതില്‍ നിന്നും സുപ്രീംകോടതി വിട്ടുനില്‍ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെ, രാജ്യദ്രോഹക്കുറ്റം ശരിവെച്ച കേദാര്‍നാഥ്സിങ്ങ് കേസിലെ (1962) സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

രാജ്യം സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികം ആചരിക്കുന്ന അവസരത്തില്‍ കൊളോണിയല്‍ കാലഘട്ടത്തിന്റെ ബാക്കിപത്രമായ നിരവധി നിയമങ്ങളും നടപടിക്രമങ്ങളും ഒഴിവാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 2014–-2015 മുതല്‍ ഏകദേശം 1,500 ഓളം പഴഞ്ചന്‍ നിയമങ്ങള്‍ റദ്ദാക്കി. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന നിരവധി നടപടിക്രമങ്ങള്‍ ഒഴിവാക്കി.

തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയയുടെ ഭാഗമായി രാജ്യദ്രോഹം കുറ്റകരമാക്കുന്ന വകുപ്പിന്റെ നിയമസാധുതയും പരിശോധിക്കും. 124 വകുപ്പിനെ കുറിച്ച്‌ പൊതുസമൂഹത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. മനുഷ്യാവകാശങ്ങള്‍ക്കും പൗരസ്വാതന്ത്രത്തിനും എതിരാണ് വകുപ്പിലെ വ്യവസ്ഥകളെന്ന ആക്ഷേപമുണ്ട്.

അതേസമയം, രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍, എല്ലാവശങ്ങളും പരിശോധിച്ച ശേഷം ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ തീരുമാനമെടുക്കും. അതുവരെ, വകുപ്പിന്റെ നിയമസാധുത സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതില്‍ നിന്നും കോടതി വിട്ടുനില്‍ക്കണം–- കേന്ദ്രസര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു.

രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത ശരിവെച്ച വിധി വിശാലബെഞ്ചിന്റെ പുനഃപരിശോധനയ്ക്ക് വിടണോയെന്ന കാര്യത്തില്‍ ചീഫ്ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ച് വിശദവാദം കേള്‍ക്കാനിരിക്കുന്ന അവസരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിലപാടുമായി രംഗത്തെത്തിയിട്ടുള്ളത്.

Tags