ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മുന്‍നിർദേശത്തിന് എതിരായി രാജാജി ടൈഗർ റിസർവിന്റെ ഡയറക്ടറായി ഇന്ത്യൻ ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥനെ നിയമിച്ച സംഭവത്തിലാണ് വിമർശനം. മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ല, നമ്മൾ ഫ്യൂഡൽ കാലഘട്ടത്തിലല്ല ജീവിക്കുന്നതെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമർശം
“ഈ രാജ്യത്ത് പൊതു സമൂഹത്തിന്റെ വിശ്വാസ്യത എന്ന ഒന്നുണ്ട്. ഭരണനിർവാഹകൻ മുൻ കാലത്തെ രാജാക്കന്മാർക്ക് സമാനമാകണമെന്ന് ചിന്തിക്കാനാകില്ല. നമ്മൾ ഫ്യൂഡൽ കാലഘട്ടത്തിലല്ല ജീവിക്കുന്നത്. മുഖ്യമന്ത്രിക്ക് എന്തിനാണ് ഒരു വ്യക്തിയോട് മാത്രം പ്രത്യേക പരിഗണന? മുഖ്യമന്ത്രിയാണെന്ന് കരുതി എന്തും ചെയ്യാമെന്നാണോ,” കോടതി ചോദിച്ചു.
ഉത്തരവിൽ ഉദ്യോഗസ്ഥനെ രാജാജി ടൈഗർ റിസർവിൽ നിയമിക്കരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ അത് ബോധപൂർവം കണ്ടില്ലെന്ന് നടിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.