എയിഡഡ് കോളേജുകള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി
ഡല്‍ഹി : എയിഡഡ് കോളേജുകള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്നതിനാല്‍ പൊതുസ്ഥാപനം എന്ന നിര്‍വചനത്തില്‍ എയ്ഡഡ് കോളേജുകളും ഉള്‍പ്പെടുമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചെമ്പഴന്തി എസ് എന്‍ കോളേജ് അടക്കം നല്‍കിയ അപ്പീല്‍ തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാലാ അധ്യക്ഷനായ ബെഞ്ചിന്റേയാണ് ഉത്തരവ്. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം അടക്കം കാര്യങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും കോളേജിന്റെ മറ്റ് അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള വിഷയങ്ങളില്‍ മാനേജ്‌മെന്റ് ആണ് പണം ചെലവാക്കുന്നത് എന്നായിരുന്നു എസ് എന്‍ കോളേജിന്റെ വാദം.
പൊതു സ്ഥാപനം എന്ന നിലയില്‍ എയ്ഡഡ് കോളേജുകളെ നിര്‍വചിക്കാന്‍ ആകില്ലെന്നും വിദ്യാര്‍ത്ഥികളുടെ ഫീസ് അടക്കമുള്ളവ സര്‍ക്കാരിലേക്ക് നേരിട്ടാണ് പോകുന്നതെന്നും കോളേജ് വാദമുന്നയിച്ചു.