നിരാഹാര സമരമിരിക്കുന്ന കർഷക നേതാവ് ദല്ലേവാളിന്റെ ആരോഗ്യ നിലയിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി
ന്യൂഡൽഹി : അനിശ്ചിതകാല നിരാഹാര സമരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യ നിലയിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി പഞ്ചാബ് സർക്കാറിന് നോട്ടീസയച്ചു. സ്വീകരിച്ച നടപടികൾ ശനിയാഴ്ച വിഷയം വീണ്ടും പരിഗണിക്കുമ്പോൾ അറിയിക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
ദല്ലേവാളിന് ചികിത്സ ഉറപ്പുവരുത്തണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തതിന് സമർപ്പിച്ച ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ ഹരജിയിലാണ് നടപടി. വിളകൾക്ക് മിനിമം താങ്ങുവില നിയമപരമാക്കുക ഉള്‍പ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദല്ലേവാൾ നിരാഹാരമിരിക്കുന്നത്.
ദല്ലേവാളിനെ സമരസ്ഥലത്തിനടുത്ത് സ്ഥാപിച്ച താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റണമെന്ന് പഞ്ചാബ് സർക്കാറിനോട് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു.
എഴുപതുകാരനും അർബുദ രോഗിയുമാണ് ദല്ലേവാൾ. നവംബർ 26 മുതൽ പഞ്ചാബ്- ഹരിയാന അതിർത്തിയിലെ, കർഷകർ സമരം ചെയ്യുന്ന ഖനൗരിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. മരണം വരെ നിരാഹാരമിരിക്കുമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണെന്ന് കർഷക നേതാക്കൾ പ്രതികരിച്ചു.