പ്രകടനപത്രികയിൽ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ അഴിമതിയല്ല ; സുപ്രീംകോടതി

supream court

ഡൽഹി: പ്രകടനപത്രികയിൽ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് നിയമപ്രകാരം അഴിമതിയല്ലെന്ന് സുപ്രീംകോടതി. കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം ചോദ്യംചെയ്ത് കർണാടക ചാമരാജ്പേട്ട നിയോജക മണ്ഡലത്തിലെ വോട്ടറുടെ ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

2023ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നേരിട്ടും അല്ലാതെയുമുള്ള സാമ്പത്തിക സഹായമാണെന്നും ഇത് അഴിമതിക്ക് തുല്യമാണെന്നുമായിരുന്നു ഹർജി.

എന്നാൽ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടി പ്രകടനപത്രികയിൽ നൽകുന്ന വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന വാദം അതിശയോക്തി നിറഞ്ഞതാണെന്നും ഹർജി തള്ളുകയാണെന്നും ബെഞ്ച് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സമീർ അഹ്മദ് ഖാനാണ് മണ്ഡലത്തിൽ വിജയിച്ചത്. കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞ അഞ്ച് ഗാരന്റികൾ അഴിമതിയാണെന്ന് പരാതിക്കാരനായ ശശാങ്ക ജെ. ശ്രീധര വാദിച്ചു.

Tags