'ബുൾഡോസർ' കൊണ്ട് ക്രിമിനൽ കേസ് പ്രതികളെ നേരിടുന്നതിൽ യുപി സര്‍ക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
ഡൽഹി : ബുള്‍ഡോസര്‍ രാജിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ബുൾഡോസർ ഉപയോഗിച്ച് ക്രിമിനൽ കേസ് പ്രതികളെ നേരിടുന്നതിൽ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ വീണ്ടും സുപ്രീം കോടതി വിമര്‍ശിച്ചു. ക്രിമിനല്‍ കേസ് പ്രതിയായെന്ന് കരുതി ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് പൊളിക്കരുത്. പൊതു സ്ഥലങ്ങളിലെ കൈയ്യേറ്റങ്ങള്‍ പൊളിക്കണമെന്നതില്‍ തര്‍ക്കമില്ല.
ആരാധനാലയങ്ങള്‍ പൊതുവഴിക്കും പൊതുസമൂഹത്തിനും തടസമാകരുത്. അനധികൃത നിര്‍മ്മാണമായാലും പൊളിക്കും മുന്‍പ് നോട്ടീസ് നല്‍കണം. അനധികൃത നിര്‍മ്മാണം ഒഴിപ്പിക്കുന്നത് കാരണം ആരും തെരുവിലാക്കപ്പെടരുത്. ബുള്‍ഡോസര്‍ രാജിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി.
സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ബുൾഡോസർ രാജ് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് പരാമർശം. ന്യൂനപക്ഷ മതവിഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ വീടുകൾ പൊളിക്കുന്ന സ്ഥിതി ഉത്തർപ്രദേശിൽ നിലനിന്നിരുന്നു. ഇതടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് ഹർജികൾ നൽകിയിരിക്കുന്നത്. ഹർജികളിൽ സുപ്രീം കോടതി വിശദമായ വാദം കേട്ടു.
അനധികൃത കൈയ്യേറ്റമാണെങ്കിലും പൊളിക്കുമ്പോൾ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയാകണം പൊളിക്കേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു. 10 മുതൽ ഒരുമാസം വരെയുള്ള നിയമപ്രകാരമുള്ള നോട്ടീസ് നൽകിയാണ് പൊളിക്കുന്നതെന്ന് സർക്കാരിന് വേണ്ടി ഹാജരായ സൊളിസിറ്റർ ജനറൽ തുഷാർമേത്ത കോടതിയിൽ പറഞ്ഞു.
എന്നാൽ ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇവിടെ എല്ലാ മതവിഭാഗക്കാരുമുണ്ട്. സുപ്രീം കോടതി നിർദ്ദേശങ്ങൾ എല്ലാമതവിഭാഗക്കാർക്കും വേണ്ടിയാണ്. മതവിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പാടില്ലെന്നും രണ്ട് തെറ്റ് ചേർന്നാൽ ഒരു ശരിയാകില്ലെന്നും സുപ്രീം കോടതി വിശദീകരിച്ചു.
വീടുകൾ കുറവുള്ളതുകൊണ്ടാണ് അനധികൃതമായി കയ്യേറുന്നതെന്നും വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞു. എന്നാൽ വിഷയം അന്താരാഷ്ട്ര വത്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രാജ്യാന്തര ഏജൻസിയുടെ അഭിപ്രായം ആവശ്യമില്ലെന്നുമായിരുന്നു തുഷാർ മേത്തയുടെ മറുപടി.
ബുൾഡോസർ രാജിനെതിരെ നേരത്തെ സുപ്രീം കോടതിയുടെ ശക്തമായ വിധി വന്നിരുന്നു. ബുൾഡോസർ രാജ് രാജ്യത്ത് വേണ്ടെന്ന് നേരത്തെ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.