പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ടോയ്ലറ്റില്‍ മരിച്ച നിലയില്‍

google news
suicide



ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍  പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ടോയ്ലറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ താമസിക്കുന്ന വൈതീശ്വരി (17) ആണ് ഹോസ്റ്റലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന്  പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആത്മഹത്യാ കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തിപരമായ ചില കാരണങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അക്കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് സൂപ്രണ്ട് എല്‍ ബാലാജി ശ്രീനിവാസന്‍  ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടി പലകാര്യങ്ങളാല്‍ അസ്വസ്ഥയായിരുന്നു. എല്ലാകാര്യങ്ങളും പരിശോധിച്ച ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

വൈതീശ്വരിയുടെ അമ്മായി അടുത്തിടെ മരണപ്പെട്ടിരുന്നു. അമ്മായിയുടെ മരണത്തില്‍ വൈതീശ്വരി കടുത്ത ദുഖത്തിലായിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. അടുത്തിടെ പെണ്‍കുട്ടി ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിയോട് 'എന്നെ ഇനി ജീവനോടെ കാണില്ലെന്നും, അവസാനത്തെ കൂടിക്കാഴ്ചയായാകുമെന്നും' പറഞ്ഞിരുന്നു. അതേസമയം കേസ് അന്വേഷണചുമതല  കേസ് സംസ്ഥാന പോലീസിന്റെ സിബിസിഐഡി വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ സമീപകാല ഉത്തരവിനെ തുടര്‍ന്നാണ്  ഇത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മരണങ്ങള്‍ സംസ്ഥാന അന്വേഷണ സമിതിയായ സിബി-സിഐഡി അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളുടെ എണ്ണം കൂടിയിട്ടുണ്ട്. അഞ്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് അടുത്തിടെ ജീവനൊടുക്കിയത്യ ഇതില്‍ നാല് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ്.  പഠനത്തിലെ സമ്മര്‍ദ്ദവും നീറ്റ്  പരീക്ഷയില്‍ പ്രകടനം കാഴ്ച വയ്ക്കാത്തുമായിരുന്നു ആത്മഹത്യക്ക് പിന്നിലെ കാരണം. . വിദ്യാര്‍ത്ഥികളെ പഠനത്തിന്റെ പേരില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും അക്കാദമിക് സമ്മര്‍ദ്ദങ്ങള്‍ക്ക് വിദ്യാര്‍ത്ഥികല്‍ വഴങ്ങരുതെന്നും  മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടുത്തിടെ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Tags