അലഹബാദ് യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു
death

ലഖ്നോ: ഉത്തർപ്രദേശിലെ അലഹബാദ് യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. താരാ ചന്ദ് ഹോസ്റ്റലിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഫീസ് വർധനയാണ് പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. ആത്മഹത്യ വിവരം അറിഞ്ഞ ശേഷം നിരവധി വിദ്യാർഥികളാണ് ഹോസ്റ്റൽ പരിസരത്ത് തടിച്ച് കൂടിയത്.

ഫീസ് വർധനയെ ചൊല്ലി കഴിഞ്ഞ രണ്ട് ദിവസമായി സർവകലാശാലയിൽ വിദ്യാർഥികൾ സമരത്തിലായിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്ത വിദ്യാർഥിനി സർവകലാശാലയിൽ പഠിക്കുന്നതല്ലെന്നും നിയമവിരുദ്ധമായാണ് പെൺകുട്ടി ഹോസ്റ്റലിൽ താമസിക്കുന്നതെന്നും സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ജയ കപൂർ പറഞ്ഞു. ഫീസ് വർധനയുമായി സംഭവത്തിന് ഒരു ബന്ധവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ആത്മഹത്യ ചെയ്ത കുട്ടി സർവകലാശാലയിലെ വിദ്യാർഥിയല്ലെന്ന് പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ മീണയും അവകാശപ്പെട്ടു. സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തി വരുകയാണെന്നും പൊലീസ് അറിയിച്ചു.
 

Share this story