മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥൻ വധക്കേസ് : നാലു പ്രതികൾക്ക് ജാമ്യം

soumya
soumya

ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികള്‍ നല്‍കിയ അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കുന്നതായും കോടതി അറിയിച്ചു.

ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് സിംഗ് മാലിക്, അജയ് കുമാര്‍ എന്നിവരാണ് ഡൽഹി ഹൈകോടതിയിൽ അപ്പീൽ നൽകിയത്. അപ്പീലിന് മറുപടി നല്‍കാന്‍ ജനുവരി 23ന് ഹൈക്കോടതി ഡല്‍ഹി പൊലീസിനോട്. 4 വര്‍ഷമായി പ്രതികള്‍ കസ്റ്റഡിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

2023 നവംബർ 26ന് ഡൽഹിയിലെ പ്രത്യേക കോടതിയാണ് പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസിലെ അഞ്ചാമത്തെ പ്രതിയായ അജയ് സേത്തിയെ മൂന്നുവർഷം തടവിനാണ് ശിക്ഷിച്ചത്.

പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താ ചാനലില്‍ ജോലി ചെയ്തിരുന്ന മലയാളിയായ സൗമ്യ വിശ്വനാഥന്‍ 2008 സെപ്റ്റംബർ 30 ന് പുലര്‍ച്ചെ തെക്കന്‍ ഡല്‍ഹിയിലെ നെല്‍സണ്‍ മണ്ടേല മാര്‍ഗില്‍ ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

Tags