സോണിയാ ഗാന്ധി എംപി ഫണ്ടിന്റെ 70 ശതമാനവും നല്‍കിയത് ന്യൂനപക്ഷങ്ങള്‍ക്കെന്ന് അമിത് ഷാ

google news
amit shah

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി എംപി ഫണ്ടിന്റെ 70 ശതമാനത്തിലേറെയും ചെലവഴിച്ചത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി നേതാവ് അമിത് ഷാ. റായ്ബറേലിയില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെക്കാലമായി സോണിയ മത്സരിച്ചിരുന്ന റായ്ബറേലിയില്‍ ഇത്തവണ രാഹുല്‍ ഗാന്ധിയാണ് ജനവിധി തേടുന്നത്. അടുത്തിടെ സോണിയ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈമാസം 20ന് അഞ്ചാംഘട്ടത്തിലാണ് റായ്ബറേലിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.
'വര്‍ഷങ്ങളോളം നിങ്ങള്‍ ഗാന്ധി കുടുംബത്തിന് അവസരം നല്‍കി. എന്നാല്‍, ഒരു വികസനപ്രവര്‍ത്തനവും നടന്നില്ല. അവര്‍ വികസന പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും അവര്‍ കൂട്ടിനെത്തിയില്ല. അവര്‍ അവരുടെ കുടുംബത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്' അമിത് ഷാ പറഞ്ഞു. ഗാന്ധി കുടുംബം കള്ളം പറയുന്നതില്‍ വിദഗ്ധരാണ്. എല്ലാ സ്ത്രീകള്‍ക്കും ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നാണ് അവരുടെ വാഗ്ദാനം. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ത്രീകള്‍ക്കും 15,000 രൂപ നല്‍കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. അവിടുത്തെ സ്ത്രീകള്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുത്ത ശേഷം 15,000 രൂപ പോയിട്ട് 1,500 രൂപ പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags