ഇൻഷുറൻസ് പണം ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
മൈസൂർ : ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകനെ അറസ്റ്റ് ചെയ്തു. പെരിയപട്ടണ താലൂക്കിലെ ജെരാസി കോളനിയിലെ അണ്ണപ്പ (60) നെയാണ് മകൻ പാണ്ഡു കൊലപ്പെടുത്തിയത്.
അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 26 ന് അച്ഛൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പുറകിൽ നിന്ന് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞതിനെ തുടർന്ന് പൊലീസിന്റെ ചോദ്യംചെയ്യലിൽ പാണ്ഡു കുറ്റം സമ്മതിച്ചു. ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടി ഡിസംബർ 25 ന് അണ്ണപ്പയെ കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.