18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല; നിയമവുമായി മഹാരാഷ്ട്രയിലെ ഗ്രാമസഭ

smartphone games


18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇനിമുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നടപ്പിലാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമസഭ. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളില്‍ ഉണ്ടാക്കുന്ന അമിതമായ സ്വാധീനത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ ജനങ്ങളും ഗ്രാമവാസികളും ചേര്‍ന്നാണ് 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നടപ്പിലാക്കിയത്. ഗെയിമുകള്‍ കാണുന്നതിനും മോശം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനും കുട്ടികള്‍ അടിമകളായതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബാന്‍സി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തെ സമൂഹത്തിന്റെ ആരോഗ്യവും കുട്ടികളുടെയും സുരക്ഷിതത്വവും  നിലനിര്‍ത്തുന്നതിനുള്ള മുന്‍കരുതലായാണ് ഗ്രാമവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാണുന്നത്. ഗ്രാമത്തിലെ കുട്ടികള്‍ മൊബൈല്‍ ഫോണിന് അടിമകളാകുന്നു, അതിനാലാണ് കുട്ടികളെ രക്ഷിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാന്‍ ബന്‍സി ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തത് എന്നാണ് പറയുന്നത്.

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിക്കാനുള്ള പ്രമേയം ഐക്യകണ്ഠേനയാണ് പാസാക്കിയത് എന്ന കാര്യം ശ്രദ്ധേയമാണ്. ഗ്രാമപഞ്ചായത്തിന്റെ ഈ തീരുമാനം കുട്ടികളില്‍ ചില അസ്വാരസ്യങ്ങളും എതിര്‍പ്പുകളും ഒക്കെ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മൊബൈല്‍ ഫോണ്‍ നിരോധന നിയമത്തില്‍ ഉറച്ചുനില്‍ക്കാനാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ തീരുമാനം. 

വ്യത്യസ്തമായ ഈ തീരുമാനം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സാമൂഹിക മാധ്യമങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ് ബെന്‍സി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് അധികൃതരുടെ ഈ നടപടി സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവും ആണെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പറയുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ പഠനത്തിന്റെയും മറ്റും ഈ കാലഘട്ടത്തില്‍ ഇത്തരത്തില്‍ പൂര്‍ണ്ണമായ ഒരു നിരോധനം ഗുണത്തേക്കാളേറെ ദോഷം മാത്രമേ ചെയ്യൂ എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
 

Share this story