കങ്കണയെ മര്‍ദ്ദിച്ച സംഭവം: സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്‍ദാനം ചെയ്ത് ഗായകൻ വിശാല്‍ ദദ്‍ലാനി

kangana cisf

ന്യൂഡൽഹി: ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്‍ദാനം ചെയ്ത് ഗായകനും നടനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‍ലാനി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിശാല്‍ ഇക്കാര്യം പങ്കുവച്ചത്. 

'താന്‍ ഒരിക്കലും ഹിംസയെ പിന്തുണച്ചിട്ടുള്ള ആളല്ല. പക്ഷേ ഈ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന്‍റെ കാരണം ശരിക്കും മനസിലാവുന്നുണ്ട്. സിഐഎസ്എഫ് അവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുന്നപക്ഷം അവര്‍ക്കായി ഒരു ജോലി കാത്തിരിക്കുന്നുണ്ടാവുമെന്നത് ഞാന്‍ ഉറപ്പാക്കും. ജയ് ഹിന്ദി, ജയ് ജവാന്‍, ജയ് കിസാന്‍", എന്നും അദ്ദേഹം കുറിച്ചു.

ചണ്ഡി​ഗഡ് വിമാനത്താവളത്തില്‍ വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറില്‍ നിന്ന് കങ്കണ റണാവത്തിന് മര്‍ദ്ദനമേറ്റത്. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ കങ്കണ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. സെക്യൂരിറ്റി ചെക്കിങ്ങിനിടെയാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നും, തന്നെ കാത്തുനിന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞത്. പഞ്ചാബില്‍ തീവ്രവാദം വര്‍ധിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.

എന്നാൽ കർഷക സമരത്തെക്കുറിച്ചുള്ള കങ്കണാ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെനന്നായിരുന്നു കുല്‍വീന്ദര്‍ കൗര്‍ പ്രതികരിച്ചത്. നൂറ് രൂപയ്ക്ക് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണയുടെ മുന്‍ പരാമര്‍ശം. തന്‍റെ അമ്മയും കര്‍ഷകര്‍ക്കൊപ്പം സമരം ചെയ്തിരുന്നതായും കുല്‍വീന്ദര്‍ പറഞ്ഞിരുന്നു.

അതേസമയം കുല്‍വീന്ദര്‍ കൗറിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മൊഹാലി പൊലീസ് ആണ് കുല്‍വീന്ദറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അതിനാൽ തന്നെ കുൽവീന്ദറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ കേസ് എടുക്കൂവെന്ന് പഞ്ചാബ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഉദ്യോ​ഗസ്ഥയെ അന്വേഷണ വിധേയമായി സിഐഎസ്എഫ് സസ്പെൻഡ് ചെയ്തിരുന്നു.

Tags