മഹാരാഷ്ട്രയിൽ ശിവജി പ്രതിമ തകർന്ന സംഭവം : സ്ട്രക്ചറൽ കൺസൾട്ടന്‍റ് അറസ്റ്റിൽ

shivaji
shivaji

പുണെ : മഹാരാഷ്ട്രയിൽ കൂറ്റൻ ശിവജി പ്രതിമ നിലംപൊത്തിയ സംഭവത്തിൽ സ്ട്രക്ചറൽ കൺസൾട്ടന്‍റിനെ അറസ്റ്റ് ചെയ്തു. ചേതൻ പാട്ടീൽ എന്നയാളെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

എന്നാൽ, താനല്ല സ്ട്രക്ചറൽ കൺസൾട്ടന്‍റ് എന്നാണ് കോൽഹാപുർ സ്വദേശിയായ ചേതൻ പറയുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വഴി ഇന്ത്യൻ നാവികസേനക്ക് പ്ലാറ്റ്‌ഫോമിന്‍റെ ഡിസൈൻ സമർപ്പിച്ചിരുന്നെന്നും മറ്റൊന്നുമായും ബന്ധമില്ലെന്നുമാണ് ഇയാൾ പറയുന്നത്.

സിന്ധുദുർഗ് ജില്ലയിൽ രാജ്കോട്ട് ഫോർട്ടിലുള്ള 35 അടി വലിപ്പമുള്ള ശിവജി പ്രതിമയാണ് സ്ഥാപിച്ച് എട്ടു മാസം തികയും മുമ്പേ തകർന്നു വീണത്. നാവികസേന ദിവസമായ 2023 ഡിസംബർ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലുള്ള മഹാരാഷ്ട്രയിൽ പ്രതിമയുടെ തകർച്ച വൻ രാഷ്ട്രീയവിവാദമായിരിക്കുകയാണ്. വൈകാരികമായ ഈ വിഷയത്തെ കത്തിയാളിച്ച് മഹാവികാസ് അഘാഡി സഖ്യം, പ്രത്യേകിച്ച് ഉദ്ധവ് പക്ഷ ശിവസേന സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.

പ്രതിമ തകർന്നതിന്‍റെ ഉത്തരവാദിത്തം പൂർണ്ണമായും നാവികസേനയിലും പ്രതിമ ഉണ്ടാക്കിയ ശില്പികളിലും പരിമിതപ്പെടുത്താൻ ആഞ്ഞു ശ്രമിക്കുകയാണ് ബി.ജെ.പി. പ്രതിമയുടെ നിർമാണത്തിനിടെയുണ്ടായ അഴിമതിയാണ് തകർച്ചയിലേക്ക് നയിച്ചതെന്നും വിഷയത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്നും ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവുത്ത് ഇന്നലെ രംഗത്തുവന്നിരുന്നു.

Tags