ലൈംഗിക പീഡനം ; ആണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കേണ്ടത് അനിവാര്യമെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: ആണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കേണ്ടത് അനിവാര്യമെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സ്‌കൂളില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി നിരീക്ഷിച്ചത്.
മഹാരാഷ്ട്രയിലെ സംഭവത്തില്‍ പഴുതുകളടച്ച അന്വേഷണം നടത്തണമെന്നും പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദത്തില്‍ കുറ്റപത്രം സമര്‍പ്പിക്കരുതെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ബദ്‌ലാപൂരിലാണ് നാല് വയസുകാരായ രണ്ട് വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ ശുചീകരണ ജീവനക്കാരന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ബോംബെ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ചൊവ്വാഴ്ച സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചിരുന്നു.
കേസില്‍ പ്രാദേശിക പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ ജനരോഷം ഉയര്‍ന്നിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
ഈ കേസിലെ അന്വേഷണ രീതിയും വിധിയുമായിരിക്കും ഭാവിയില്‍ വരാനിരിക്കുന്ന ഇത്തരം കേസുകള്‍ക്ക് മാതൃകയാകുക. ജനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ്. എന്ത് സന്ദേശമാണ് നമ്മള്‍ കൊടുക്കുന്നത് എന്നത് പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം തിരക്കിട്ട് സമര്‍പ്പിക്കരുത്.
ഇനിയും സമയം ഒരുപാടുണ്ട്. ജനരോഷത്തിലോ സമ്മര്‍ദ്ദത്തിലോ ഒന്നും ചെയ്യരുത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് സുതാര്യമായ അന്വേഷണം നടത്തേണ്ടതുണ്ട്. പഴുതടച്ച ശക്തമായ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. കേസന്വേഷണത്തിന്റെ ഓരോ ഘട്ടവും കേസ് ഡയറിയില്‍ പരാമര്‍ശിക്കേണ്ടതുണ്ട്. പല കാര്യങ്ങളും കേസ് ഡയറിയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.