ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാര്‍ക്ക് മോദി ഒന്നുമല്ലെന്ന സഞ്ജയ് റാവത്തിന്റെ പ്രസ്താവന ; മറുപടി നല്‍കി പ്രധാനമന്ത്രി

modi

മഹാരാഷ്ട്രയില്‍ ഉദ്ദവ് വിഭാഗം ശിവസേനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജ ശിവസേന തന്നെ ജീവനോടെ കുഴിച്ചുമൂടാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം. 

ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാര്‍ക്ക് മോദി ഒന്നുമല്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

ഗുജറാത്തില്‍ നിന്നെത്തിയ ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാര്‍ക്ക് മോദി ഒന്നുമല്ലെന്നായിരുന്നു ഉദ്ദവ് സേന നേതാവിന്റെ വെല്ലുവിളി. തെരഞ്ഞെടുപ്പ് റാലികളില്‍ മറാത്ത വാദം എക്കാലവും ആളിക്കത്തിക്കുന്ന ശിവസേന ശൈലിയിലായിരുന്നു പ്രസംഗം. പ്രസംഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ചുളള പരാമര്‍ശങ്ങളുമായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മറുപടിയുമായി മോദി തന്നെ രംഗത്തെത്തുകയായിരുന്നു. 

പ്രതിപക്ഷ നിരയിലെ ശിവസേനയും എന്‍സിപിയും ഡൂപ്ലിക്കേറ്റാണെന്ന് മോദി ആവര്‍ത്തിച്ചു. ഇരു പാര്‍ട്ടികളും ഉടന്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്നും മോദി പരിഹസിച്ചു. അതേസമയം, സഞ്ജയ് റൗത്തിന്റെ ഔറംഗസീബ് പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ബിജെപി. ഭീഷണി പരമാര്‍ശവും വിദ്വേഷ ജനകമെന്നുമാണ് പരാതി. വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ പൊലീസ് റൗത്തിനെതിരെ കേസെടുത്തു

Tags