സെയ്‌ഫ്‌ അലി ഖാനെ ആറ് തവണ കുത്തി ; അടിയന്തര ശസ്ത്രക്രിയ

Saif Ali Khan was stabbed six times; Emergency surgery
Saif Ali Khan was stabbed six times; Emergency surgery

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വീട്ടിനുള്ളിൽ വെച്ച് മോഷ്ടാവിന്‍റെ കുത്തേറ്റു. ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് കുത്തുകയായിരുന്നു. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് താരം.

മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് സംഭവം. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതാണ്. സംഭവത്തിന് പിന്നാലെ അക്രമി ഓടി രക്ഷപ്പെട്ടു.

പുലർച്ചെ 3.30നാണ് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി സി.ഇ.ഒ നിരജ് ഉത്തമാനി പറഞ്ഞു. ആറ് മുറിവുണ്ട്. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. ശസ്ത്രക്രിയക്ക് വിധേയനാക്കണം. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്‌മെറ്റിക് സർജൻ ലീന ജെയിൻ അനസ്‌തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവരാണ് ശസ്ത്രക്രിയ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിനുള്ളിൽ കടന്ന മോഷ്ടാവും സെയ്ഫ് അലി ഖാനും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് മോഷ്ടാവ് കത്തി ഉപയോഗിച്ച് തുടർച്ചയായി കുത്തിയത്. ഏതാനും കുടുംബാംഗങ്ങൾ ആ സമയത്ത് വീട്ടിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ പിടികൂടാൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Tags