യുക്രെയ്‌നില്‍ മിസൈലാക്രമണത്തില്‍ 17 മരണം, റഷ്യന്‍ ലക്ഷ്യം ഡോണ്‍ബാസെന്ന് സെലന്‍സ്‌കി
selenskyകീവ്: യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖല  ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടങ്ങിയെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി. ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഖാര്‍കീവ് നഗരങ്ങളിലുണ്ടായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം ശക്തമായ ലെവീവില്‍ 7 പേരാണ് മരിച്ചത്. മരിയോ പോളില്‍ കനത്ത പോരാട്ടം തുടരുകയാണ്. വംശഹത്യയാണ് റഷ്യ നടത്തുന്നതെന്നാരോപണമാണ് യുക്രെയ്ന്‍ ആവര്‍ത്തിച്ച് ഉയര്‍ത്തുന്നത്. 

ഇതിനിടെ സഹായവുമായി യുഎസ് യുദ്ധവിമാനങ്ങള്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാലിക്കാര്യത്തില്‍ ഇരു രാജ്യങ്ങളും സ്ഥിരീകരണം നടത്തിയിട്ടില്ല. നേരത്തെ 800 ദശലക്ഷം ഡോളറിന്റെ സൈനികസഹായം അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉടന്‍ യുക്രെയ്ന്‍ സന്ദര്‍ശിക്കാന്‍ സാധ്യതയില്ലെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കി.

അതേസമയം യുക്രൈനില്‍ നിന്നുള്ള  4.9 ദശലക്ഷമാളുകള്‍ യുദ്ധം കാരണം അഭയാര്‍ത്ഥികളായെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നാല്‍ സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തവര്‍ തിരികെ എത്തിതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം പോളണ്ടില്‍ നിന്നും 22,000 പേരാണ് മാതൃരാജ്യത്തേക്ക് മടങ്ങിയെത്തിയത്. കീവ് അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും താമസക്കാര്‍ ഒഴിയണമെന്ന് മേയര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നതിനിടെയാണ് കൂടുതല്‍ ആളുകള്‍ തിരിച്ചെത്തുന്നത്.

Share this story