'രണ്ട് ഭാര്യമാര്‍ ഉള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപ'; കോണ്‍ഗ്രസ് നേതാവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദം

google news
congress

മധ്യപ്രദേശിലെ നേതാവിന്റെ പ്രസംഗം ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന മഹാലക്ഷ്മി പദ്ധതിയുടെ ഗുണങ്ങള്‍ വിശദീകരിക്കവേ രണ്ട് ഭാര്യമാര്‍ ഉള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് കാന്തിലാല്‍ ബൂരിയ പറഞ്ഞത്. മധ്യപ്രദേശിലെ രത്‌ലം മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി കൂടിയാണ് ബൂരിയ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.
'കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ ഓരോ സ്ത്രീയുടെയും ബാങ്ക് അക്കൌണ്ടിലേക്ക് ഒരു ലക്ഷം രൂപ നേരിട്ടെത്തും. അത് ഞങ്ങളുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. രണ്ട് ഭാര്യമാര്‍ ഉള്ളവര്‍ക്ക് 2 ലക്ഷം രൂപ വരെ ലഭിക്കും,' ജനങ്ങളോടായി ബൂരിയ പറഞ്ഞു. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പത്വാരി എന്നിവരുടെ സാന്നിധ്യത്തിലാണ് ബൂരിയ ഇങ്ങനെ പറഞ്ഞതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഓരോ കുടുംബത്തിനും മഹാലക്ഷ്മി പദ്ധതിയിലൂടെ വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വീതം ധനസഹായമായി നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നത്. വീട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ ബാങ്ക് അക്കൌണ്ടിലേക്കായിരിക്കും പണം നേരിട്ട് എത്തുക. അവരുടെ അസാന്നിധ്യത്തില്‍ വീട്ടിലെ മുതിര്‍ന്ന അംഗത്തിന്റെ അക്കൌണ്ടിലേക്കാണ് പണം എത്തുക. കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം വിവാദമായതോടെ അത് തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി.

Tags