സഹകരണ രജിസ്ട്രാർ വിളിക്കുന്ന യോഗത്തിൽ അവിശ്വാസ പ്രമേയവും ചർച്ചക്കെടുക്കാം : സുപ്രീം കോടതി
supream court

ന്യൂഡൽഹി: അവിശ്വാസപ്രമേയം പരിഗണിക്കുന്നതിന് സഹകരണ സൊസൈറ്റിയുടെ ജനറൽബോഡി യോഗം വിളിക്കാൻ സഹകരണ രജിസ്ട്രാർക്ക് അധികാരമുണ്ടെന്ന വിധി സുപ്രീം കോടതി ശരിവച്ചു. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് എതിരെ മുൻ എം.എൽ.എ. കെ. ശിവദാസൻ നായർ ഉൾപ്പടെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ശിവദാസൻ നായർ ഉൾപ്പെടെയുള്ളവർക്ക് അടുത്ത തെരെഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

കേരള സഹകരണ സൊസൈറ്റി നിയമത്തിലെ 30 (3) വകുപ്പ് പ്രകാരം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ സഹകരണ രജിസ്ട്രാർക്ക് അധികാരമുണ്ട്. എന്നാൽ ഇങ്ങനെ ചേരുന്ന യോഗത്തിൽ സൊസൈറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സംബന്ധിച്ച് മാത്രമേ ചർച്ചചെയ്യാൻ പാടുള്ളു എന്ന് ശിവദാസൻ നായർ ഉൾപ്പടെയുള്ള ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.എൻ. രവീന്ദ്രൻ, അഭിഭാഷകൻ പി.എസ്. സുധീർ എന്നിവർ വാദിച്ചു. അവിശ്വാസപ്രമേയം ചർച്ചചെയ്യാൻ രജിസ്ട്രാർ വിളിച്ചുചേർക്കുന്ന ജനറൽബോഡി യോഗത്തിന് അധികാരം ഇല്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.

പൊതുയോഗം വിളിച്ചുചേർത്ത് അവിശ്വാസപ്രമേയത്തിന് അനുമതി നൽകിയ സഹകരണ രജിസ്ട്രാറുടെ നടപടിയിൽ അപാകതയില്ലെന്ന് നേരത്തെ ഹൈക്കോടതിയും വിധിച്ചിരുന്നു. പൊതുയോഗത്തിന് അവിശ്വാസപ്രമേയം പരിഗണിക്കാൻ അധികാരമുണ്ട്. ഇക്കാര്യം ബാങ്കിന്റെ നിയമാവലിയിൽ വ്യക്തമാണന്ന് ഹൈക്കോടതി തങ്ങളുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അവിശ്വാസം പാസ്സായതിനെ തുടർന്ന് സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം സർക്കാർ ഏർപ്പെടുത്തിയിരുന്നു.

Share this story