പ്രധാനമന്ത്രിയുടെ കട്ടൗട്ട് പശ്ചാത്തലത്തില്‍ റീല്‍; യുവതിക്കെതിരെ വിമര്‍ശനം

google news
modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന്റെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്ത് റീല്‍ ചിത്രീകരിച്ച യുവതിക്കെതിരെ വിമര്‍ശനം വ്യാപകം. പ്രധാനമന്ത്രിയുടെ കട്ടൗട്ടിനെ പശ്ചാത്തലമാക്കി അശ്ലീലമായ രീതിയില്‍ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 

മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ജാക്കി ഷെറോഫ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി, 1993ല്‍ പുറത്തിറങ്ങിയ ചിത്രമായ 'ഖല്‍നായക്' എന്ന ചിത്രത്തിലെ 'ആജാ സാജന്‍ ആജ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ യുവതി നൃത്തം ചെയ്യുന്നതാണ് വീഡിയോ. പാട്ടിനൊപ്പം, യുവതി പ്രധാനമന്ത്രിയുടെ കട്ടൗട്ടിന്റെ സമീപത്തേക്ക് എത്തി അതിനെ ചേര്‍ത്ത് പിടിക്കുന്നതും പിന്നാലെ അശ്ലീലമായ ചില ചുവടുകള്‍ വെയ്ക്കുന്നു എന്നുമാണ് സോഷ്യല്‍മീഡിയയിലെ ബിജെപി പ്രവര്‍ത്തകരുടെ ആരോപണം. 
ഏകദേശം 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ ചിത്രീകരിച്ച രീതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വ്യൂസിനും ലൈക്കിനും വേണ്ടി പ്രമുഖ വ്യക്തികളുടെ കട്ടൗട്ടിനൊപ്പം മോശമായ രീതിയില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മോദിയെന്നും ആ വ്യക്തിയോട് ബഹുമാനം ഉണ്ടായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളും ക്ഷേമപദ്ധതികളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നരേന്ദ്ര മോദിയുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, റേഷന്‍ കടകള്‍ അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളുള്ള സെല്‍ഫി പോയിന്റുകളാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ചത്. അത്തരമൊരു കട്ടൗട്ടിന്റെ മുന്നില്‍ നിന്നായിരുന്നു യുവതിയുടെ നൃത്തം. 

Tags