വിവാഹവാഗ്ദാനം പാലിക്കാൻ സാധിച്ചില്ല ; ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി
supream court

ന്യൂഡൽഹി : വിവാഹത്തിന് വ്യാജ വാഗ്ദാനം നൽകുന്നതും ശരിയായ ഉദ്ദേശ്യത്തിൽ നൽകിയ വാഗ്ദാനം പിന്നീട് പാലിക്കാതിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് സുപ്രീംകോടതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്. തുടർന്ന് 'ഇര'യായ വ്യക്തി നൽകിയ ബലാത്സംഗക്കേസ് കോടതി റദ്ദാക്കി.

2009 മുതൽ 2011 വരെ ഉഭയകക്ഷിസമ്മതപ്രകാരമാണ് ഇരുവരും ബന്ധം തുടർന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതിൽ 'ഇര'യായ വ്യക്തി, ബന്ധം തുടർന്നത് വിവാഹവാഗ്ദാനം നൽകപ്പെട്ടതിനാലാണെന്ന് പറയുന്നുണ്ടെങ്കിലും, ബന്ധം തകർന്ന് മൂന്നു വർഷം കഴിഞ്ഞ് 2016ലാണ് കേസ് കൊടുത്തത്.

ഈ സംഭവത്തിൽ കുറ്റാരോപിതനായ വ്യക്തി സമർപ്പിച്ച റിട്ട് ഹരജി ബോംബെ ഹൈകോടതി നേരത്തേ തള്ളിയിരുന്നു. ബലാത്സംഗം സമൂഹത്തിനെതിരായ കുറ്റമാണെന്ന് വ്യക്തമാക്കിയാണ് ഹൈകോടതി റിട്ട് തള്ളിയത്. ഈ കേസിൽ പ്രഥമദൃഷ്ട്യാ ക്രിമിനൽ നടപടിക്രമങ്ങൾ തെറ്റായി ഉപയോഗിക്കപ്പെട്ടതായി വ്യക്തമാണെന്ന് സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിലുൾപ്പെട്ടവർ വിവാഹിതരല്ലെങ്കിലും നല്ലൊരു കാലം ശാരീരികബന്ധം തുടർന്നിരുന്നു.

ചില കാരണങ്ങളാൽ അവർ അകന്നു. ഇത് വിവാഹത്തിനു മുമ്പോ ശേഷമോ സംഭവിക്കാവുന്ന കാര്യമാണ് -ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, എം.എം. സുന്ദ്രേശ് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. 

Share this story