ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍, സംഭവം കര്‍ണാടകയില്‍
rape beautyparlourബെംഗ്ലൂരു: ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കര്‍ണാടകയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ധാര്‍വാഡിലെ മുതിര്‍ന്ന നേതാവായ മനോജ് കര്‍ജഗിയാണ് പൊലീസ് അറസ്റ്റിലായത്. കര്‍ണാടക ആര്‍ടിസി മുന്‍ ബോര്‍ഡ് ഡയറക്ടര്‍ കൂടിയാണ് പിടിയിലായ മനോജ് കര്‍ജഗി.

മനോജ് കര്‍ജഗിയുടെ ഉടമസ്ഥതയിലുള്ള ധാര്‍വാര്‍ഡിലെ ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയെ ആണ് നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് വൈകിട്ട് ബ്യൂട്ടി പാര്‍ലര്‍ അടയ്ക്കുന്നതിന് മുമ്പ് മനോജ് സ്ഥാപനത്തിലെത്തി. മറ്റ് ജീവനക്കാരോട് വീട്ടിലേക്ക് മടങ്ങിക്കൊള്ളാന്‍ പറഞ്ഞു. സ്ഥാപനത്തിലെ പ്രധാന ജീവനക്കാരിയായ ഇരുപതുകാരിയോട് കണക്ക് വിവരങ്ങള്‍ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പ്രതി അനുവദിച്ചില്ല. മറ്റ് ജീവനക്കാര്‍ മടങ്ങിയതിന് പിന്നാലെ യുവതിയോട് മനോജ് കര്‍ജഗി മോശമായി പെരുമാറി എന്നാണ് പരാതി. 

പുറത്തേക്ക് ഓടിയ യുവതി ഫോണില്‍ കാമുകനെയും സുഹൃത്തുക്കളെയും വിവരം അറിയിക്കുകയായിരുന്നു. സമീപത്ത് തന്നെയുണ്ടായിരുന്ന യുവതിയുടെ സുഹൃത്തുക്കള്‍ ഉടനെയെത്തി മനോജ് കര്‍ജഗിയെ മര്‍ദ്ദിച്ചു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 341, 354 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് മനോജ് കര്‍ജഗിയെ അറസ്റ്റ് ചെയ്തുകയായിരുന്നു. കര്‍ണാടക ആര്‍ടിസിയുടെ നോര്‍ത്ത് വെസ്റ്റ് മേഖലാ ഡയറക്ടറായി സിദ്ധരാമ്മയ സര്‍ക്കാരിന്റെ സമയത്ത് മനോജ് കര്‍ജഗി പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് ഭരണമുള്ള നിരവധി ബോര്‍ഡുകളില്‍ അംഗമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുണ്ടല്‍പ്പേട്ടില്‍ നിന്ന് ഇരുപത് ലക്ഷം രൂപയുമായി നാലര വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോജ് കര്‍ജഗി അറസ്റ്റിലായിട്ടുണ്ട്.

Share this story