ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്ക്ക് തോല്‍വി

prajwal revanna

ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണ പരാജയപ്പെട്ടു. പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരായ ലൈംഗിക പീഡന ആരോപണവും എന്‍ഡിഎയെ പ്രതിരോധത്തിലാക്കിയിരുന്നു. വോട്ടെണ്ണല്ലിന്റെ ആദ്യ മണിക്കൂറുകളില്‍ മുന്നില്‍ നിന്ന പ്രജ്വല്‍ പിന്നീട് പിന്നോട്ടുപോവുകയായിരുന്നു. ഹാസൻ മണ്ഡലത്തിൽ കോണ്‍ഗ്രസിന്റെ ശ്രേയസ് എം പട്ടേലിനോട് 30,526 വോട്ടിനാണ് തോല്‍വി. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഡിഎസ് വിജയിച്ച ഏക സീറ്റാണ്  നഷ്ടപ്പെട്ടത്. 

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. ജെഡിഎസിന് സ്വാധീനമുള്ള ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ഹസന്‍, മൈസൂര്‍, ചാമരാജനഗര്‍, ബെംഗളൂരു സൗത്ത്, തുംകൂര്‍ മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് നടന്നത് ഈ ഘട്ടത്തിലായിരുന്നു. 

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നായിരുന്നു പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയായിരുന്നു സംഭവം വിവാദമായത്. വോട്ടെടുപ്പിന് പിന്നാലെ പ്രജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു. ഹാസനിലെ വോട്ടെടുപ്പ് ദിവസം ജര്‍മനിയിലേക്ക് പറന്ന പ്രജ്വല്‍, അവസാന ഘട്ട പോളിങ്ങിന്റെ തലേദിവസമാണ് തിരികെയെത്തിയത്. എയര്‍ പോര്‍ട്ടില്‍ വെച്ചുതന്നെ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags