വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ 12 ന് വയനാട്ടില്‍

rahul gandhi

വയനാട് ലോക്‌സഭ മണ്ഡലത്തില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഈമാസം 12ന് വയനാട്ടിലെത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എപി അനില്‍കുമാര്‍ എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്

. ഡല്‍ഹിയിലെ ജന്‍പഥില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മണ്ഡല പര്യടനം സംബന്ധിച്ച് തീരുമാനമായത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് എപി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കേരളത്തില്‍ നിന്നുള്ള സംഘം കൂടിക്കാഴ്ച നടത്തിയത്. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ സര്‍ട്ടിഫിക്കറ്റ് രാഹുല്‍ ഗാന്ധിക്ക് സംഘം കൈമാറി.

അതേ സമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്തും. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്നായിരുന്നു കേരളത്തിലെ നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യം ഉത്തര്‍പ്രദേശ് പിസിസിയും ഉയര്‍ത്തി. മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പ്രിയങ്ക തന്നെ അത് നിഷേധിച്ചു. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് തന്നെ പ്രവര്‍ത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വവും എത്തിയത്. അത് കൊണ്ട് തന്നെ രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാളായിരിക്കും ജനവിധി തേടുക.

Tags