രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമല്ല ; പ്രധാനമന്ത്രിയുമായി സംവാദം നടത്താന്‍ വേണ്ടി മാത്രം ആരാണ് രാഹുല്‍ ; പരിഹസിച്ച് തേജസ്വി സൂര്യ

rahul gandhi

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തുറന്ന സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ. പ്രധാനമന്ത്രിയുമായി സംവാദം നടത്താന്‍ വേണ്ടി മാത്രം ആരാണ് രാഹുല്‍ ഗാന്ധി എന്നായിരുന്നു തേജസ്വി സൂര്യയുടെ ചോദ്യം. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു തേജസ്വിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ഹൈക്കോടതി മുന്‍ ജസ്റ്റിസ് അജിത് പി ഷാ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം എന്നിവരാണ് രാഹുല്‍ ഗാന്ധിയെയും നരേന്ദ്രമോദിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംവാദത്തിന് തയ്യാറാണെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തേജസ്വി സൂര്യയുടെ പരിഹാസം.

''രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമല്ല. ആദ്യം അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കട്ടെ. പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുമെന്ന് പ്രസ്താവിക്കട്ടെ. എന്നിട്ട് പ്രധാനമന്ത്രിയെ സംവാദത്തിന് ക്ഷണിക്കാം.' തേജസ്വി പ്രതികരിച്ചു.

Tags