കാൻ ചലച്ചിത്രോൽസവത്തിൽ പുരസ്കാരം നേടിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

rahul gandhi can

77-മത് കാൻ ചലച്ചിത്രോൽസവത്തിൽ പുരസ്കാരം നേടിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ സ്ത്രീകൾ ചരിത്രം രചിക്കുകയാണ്, ഇന്ത്യൻ ചലച്ചിത്ര കൂട്ടായ്മയെ മുഴുവൻ പ്രചോദിപ്പിക്കുകയാണ് എന്നായിരുന്നു രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ പായൽ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ എന്നിവരുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

'കാനിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. അഭിമാനകരമായ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയയ്ക്കും ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. 'ദ ഷെയിംലെസ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അനസൂയ സെൻഗുപ്തയ്ക്കും അഭിനന്ദനങ്ങൾ. ഈ സ്ത്രീകൾ ചരിത്രം രചിക്കുകയാണ്, ഇന്ത്യൻ ചലച്ചിത്ര കൂട്ടായ്മയെ മുഴുവൻ പ്രചോദിപ്പിക്കുകയാണ്' എന്നായിരുന്നു രാഹുൽ കുറിച്ചത്.

പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് മത്സരിച്ചത്. അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മത്സരിച്ച 'ദ ഷെയിംലെസ്സി'ലെ അഭിനയത്തിനാണ് അനസൂയ മികച്ച നടിയായത്. അതേ സമയം അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തുന്ന ഛായാഗ്രാഹകർക്ക് നൽകുന്ന പിയർ അജെന്യൂ പുരസ്കാരം സന്തോഷ് ശിവനാണ് നേടിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍.

Tags