പഞ്ചാബിൽ ആറുനില കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ രണ്ട് മരണം ; രക്ഷാപ്രവർത്തനം തുടരുന്നു
Dec 22, 2024, 15:15 IST
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നു വീണ് രണ്ട് മരണം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം ദുരന്ത പ്രതിരോധസേനയുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ തുടരുകയാണ്.
ശനിയാഴ്ച വൈകിട്ടോടെ മൊഹാലിയിലെ സൊഹാനയിലാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെയാണ് ബഹുനില കെട്ടിടം നിലംപതിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കെട്ടിടത്തിന്‍റെ മൂന്നു നിലകളിൽ ജിം പ്രവർത്തിച്ചിരുന്നതായി വിവരമുണ്ട്.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, സംഭവസ്ഥലത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതായും വ്യക്തമാക്കി.