പ്രിൻസിപ്പലിന്റെ മുഖത്തടിച്ചു ; കർണാടകയിൽ ജനതാദൾ നേതാവിനെതിരെ പ്രതിഷേധം

google news
janadadal

ബെംഗലൂരു: കർണാടകയിൽ കോളജ് സന്ദർശനത്തിനിടെ ജനതാദൾ (എസ്) നേതാവ് പ്രിൻസിപ്പലിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധമുയരുന്നു. ജനതാദൾ (എസ്) നേതാവും മാണ്ഡ്യ എം.എൽ.എയുമായ എം ശ്രീനിവാസനാണ് കോളജ് പ്രിൻസിപ്പലിന്റെ മുഖത്തടിച്ചത്. 

മാണ്ഡ്യയിലെ നൽവാഡി കൃഷ്ണ രാജ വെഡിയാർ ഐ.ഡി.ഐ കോളജിൽ ജൂൺ 20നാണ് സംഭവം നടന്നത്. കോളജിലെ കംപ്യൂട്ടർ ലാബിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രിൻസിപ്പൽ വ്യക്തമായ മറുപടി നൽകിയില്ലെന്നാരോപിച്ചാണ് മർദ്ദനം.

രാഷ്ട്രീയനേതാവിന്റെ നടപടിയിൽ വ്യാപക ജനരോഷവുമുയർന്നിട്ടുണ്ട്. ഇതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ​പ്രിൻസിപ്പലിനെ ശ്രീനിവാസ് വീണ്ടും വീണ്ടും അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് കണ്ട് ​സ്തബ്ധരായി നിൽക്കയാണ് കൂടെയുള്ളവർ. 

ഇവർ പ്രതികരിക്കാത്തതിനെതിരെയും ട്വിറ്ററിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. കോളജ് സഹപ്രവർത്തകരുടെ ഒത്താശയോടെയാണോ പ്രിൻസിപ്പലിനെ എം.എൽ.എ കൈയേറ്റം ചെയ്യാൻ മുതിർന്നത് എന്നാണ് ചോദ്യം. പ്രിൻസിപ്പൽ പരാതി നൽകാൻ തയാറായാൽ ​സഹപ്രവർത്തകർ അദ്ദേഹത്തിന് പിന്തുണ നൽകണമെന്നും മറ്റൊരാൾ ആവശ്യപ്പെടുന്നുണ്ട്.

പ്രിൻസിപ്പലിന്റെ മുഖത്തടിച്ച നടപടി തെറ്റായിപ്പോയെന്ന് ആരോപിച്ച് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാർ രംഗത്തുവന്നിട്ടുണ്ട്. 

Tags