എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്തുചേരുന്ന ജീവിതം ഉണ്ടാകട്ടെ ; ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ദില്ലി: ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്തുചേരുന്ന ജീവിതം ആശംസിക്കുന്നുവെന്നും ലക്ഷ്മീദേവിയുടെയും ഗണേശ ഭഗവാന്റെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമായ ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ 'രാഷ്ട്രീയ ഏകതാ ദിവസ്' പരേഡിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.
'സ്റ്റാച്യു ഓഫ് യൂണിറ്റി'യിൽ പുഷ്പാർച്ചന നടത്തി സർദാർ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്ന് അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏകതാ ദിവസ് പരേഡിൽ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങൾ, ഒരു യൂണിയൻ ടെറിട്ടറി പൊലീസ്, നാല് കേന്ദ്ര സായുധ പൊലീസ് സേനകൾ, നാഷണൽ കേഡറ്റ് കോർപ്‌സ്, ഒരു മാർച്ചിംഗ് ബാൻഡ് എന്നിവ പങ്കെടുത്തു.