വ്യാജ രേഖകൾ ചമച്ച കേസ് ; പൂജ ഖേദ്കറുടെ മുൻകൂർ ജാമ്യം തള്ളി
ന്യൂഡൽഹി : വ്യാജ രേഖകൾ ചമച്ചതിന് നിയമനടപടി നേരിടുന്ന മുൻ ഐ.എ.എസ് ട്രെയ്നി പൂജ ഖേദ്കറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് സമർപ്പിച്ച പൂജ രക്ഷിതാക്കളുടെ പേരുകളും തെറ്റായാണ് രേഖപ്പെടുത്തിയത്.
മുൻ കൂർ ജാമ്യാപേക്ഷ തള്ളിയ അഡീഷനൽ സെഷൻസ് ജഡ്ജി ദേവേന്ദർ കുമാർ ജംഗാല സംവരണ ക്വോട്ടക്കായി സമാന രീതിയിൽ മറ്റ് ഐ.എ.എസ് ഓഫിസർ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു. അതേപോലെ തട്ടിപ്പ് നടത്താൻ പൂജക്ക് യു.പി.എസ്.സി ഉദ്യോഗസ്ഥരിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. തട്ടിപ്പ്, വഞ്ചന കുറ്റങ്ങൾ ചുമത്തി കേസെടുത്ത പൂജയെ അറസ്റ്റ് ചെയ്തിട്ടില്ല.
പൂജയുടെ പിതാവും മഹാരാഷ്ട്രയിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥനുമായിരുന്ന ദിലീപ് ഖേദ്കറിന് 40 കോടിയുടെ സ്വത്തുക്കളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിനിടെ, 2009നും 2023നുമിടെ സിവിൽ സർവീസ് പരീക്ഷയെഴുതിയ 15000 ഉദ്യോഗാർഥികളുടെ രേഖകൾ പരിശോധിച്ചുവെന്നും അതിലാരും തട്ടിപ്പ് നടത്തിയിട്ടില്ലെന്നും യു.പി.എസ്.സി അറിയിച്ചു.
രേഖകളിൽ കൃത്രിമത്വം കാണിച്ചുവെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പൂജ ഖേദ്കറുടെ ഐ.എ.എസ് യു.പി.എസ്.സി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അതോടൊപ്പം കമീഷന്റെ പരീക്ഷകളിൽ നിന്ന് ആജീവനാന്തം വിലക്ക് ഏർപെടുത്തുകയും ചെയ്തു. ഒ.ബി.സി, ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകുന്ന ആനുകൂല്യം നേടിയാണ് പൂജ ഐ.ഐ.എസ് നേടിയത്.
പ്രൊബേഷനിടെ കാറും ഓഫിസും സ്റ്റാഫും വേണമെന്ന് ആവശ്യപ്പെട്ട് പൂജ രംഗത്തുവന്നതോടെയാണ് വിവാദമുയർന്നത്. പുണെ കലക്ടർ സുഹാസ് ദിവാസ് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു.