പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ വീണ്ടും ബലാത്സംഗം ചെയ്തതായി പരാതി
rape case increase

ഭോപ്പാല്‍: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ വീണ്ടും ബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ വിവേക് പട്ടേലാണ് 19 വയസ്സുള്ള പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തത്. നേരത്തെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രണ്ടാമത്തെ ബലാത്സംഗം. ഇയാളുടെ സുഹൃത്തും ബലാത്സംഗം ചെയ്‌തെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് 19-കാരിയെ വിവേക് പട്ടേല്‍ ആദ്യം ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് ഇയാളെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒരുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2021-ല്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി. തുടര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ വിവേക് പട്ടേലും സുഹൃത്തും കത്തിക്കാട്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തത്. ഒരുമാസം മുമ്പായിരുന്നു ഈ സംഭവം.

ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. നേരത്തെ നല്‍കിയ കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കൂട്ടബലാത്സംഗത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Share this story