മധ്യപ്രദേശിൽ മൃ​ഗവേട്ടക്കാർ മൂന്ന് പൊലീസുകാരെ വെടിവെച്ചുകൊന്നു
poachers

മൃ​ഗവേട്ടക്കാർ മൂന്ന് പൊലീസുകാരെ വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ വനത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ കൃഷ്ണമൃഗത്തെ വേട്ടയാടാനെത്തിയ സംഘമാണ് മൂന്ന് പൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയത്.

സബ് ഇൻസ്പെക്ടർ രാജ്കുമാർ ജതാവ്, ഹെഡ് കോൺസ്റ്റബിൾ സന്ത് കുമാർ മീണ, കോൺസ്റ്റബിൾ നീരജ് ഭാർഗവ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസ് ഡ്രൈവർക്കും ​ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തോക്കുകളുമായെത്തിയ വേട്ടസംഘവുമായി പൊലീസ് ഏറ്റുമുട്ടുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചുകൊണ്ടാണ് പൊലീസ് സംഘത്തിന് നേരെ ഇവർ വെടിയുതിർത്തത്. പൊലീസ് തിരിച്ചടിച്ചെങ്കിലും വേട്ടക്കാർ ബൈക്കിൽ കടന്നുകളയുകയായിരുന്നു.

വേട്ടസംഘം കൃഷ്ണമൃഗങ്ങളെ വേട്ടയാടാനായി വനത്തിൽ ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ വനത്തിലേക്ക് പോയത്. നിരവധി കൃഷ്ണമൃഗങ്ങളുടെ ശരീരഭാഗങ്ങൾ വനമേഖലയിൽ നിന്ന് കണ്ടെടുത്തു.

Share this story