ഫിലിപ്പീന്‍സിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ

s jayashankar

ഡല്‍ഹി : ദക്ഷിണ ചൈനാക്കടലില്‍ ചൈനഫിലിപ്പീന്‍സ് സംഘര്‍ഷം തുടരുന്നതിനിടയില്‍ ഫിലിപ്പീന്‍സിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. മനിലയില്‍ വെച്ച് ഫിലിപ്പീന്‍സ് വിദേശകാര്യ സെക്രട്ടറി എന്റിക് മനാലോയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നിലപാട് വ്യക്തമാക്കിയത്.

ദക്ഷിണ ചൈനാ കടലില്‍ ചൈന തുടരുന്ന ആക്രമണോത്സുകമായ നടപടികള്‍ക്കെതിരെ ഫിലിപ്പീന്‍സ് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിറകേയാണ് ഇന്ത്യയുമായി കൂടിക്കാഴ്ച നടന്നത്. സമീപകാലത്തായി ഇന്ത്യയും ഫിലിപ്പീന്‍സും തമ്മില്‍ സുരക്ഷാപ്രതിരോധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം വളര്‍ന്നിരുന്നു. ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മിച്ച ബ്രഹ്‌മോസ് മിസൈലിന്റെ ആദ്യ ഉപഭോക്താവ് ഫിലിപ്പീന്‍സ് ആയിരുന്നു.

സമുദ്ര നിയമങ്ങളെ കുറിച്ചുള്ള യുഎന്നിന്റെ ഉടമ്പടി പാലിക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ചൈനയുടെ പേരെടുത്ത് പറയാതെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. സമുദ്ര ഭരണഘടനയെന്നാണ് യുഎന്‍ സമുദ്രനിയമങ്ങളെ ജയശങ്കര്‍ വിശേഷിപ്പിച്ചത്. ദേശീയ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഫിലിപ്പീന്‍സിന്റെ ശ്രമങ്ങള്‍ക്കുള്ള പിന്തുണ ഊട്ടിയുറപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഫിലിപ്പീന്‍സിലെ ദേശീയ സുരക്ഷാ ഉപദേശകന്‍ എഡ്യുറാഡോ അനോ, പ്രതിരോധ സെക്രട്ടറി ഗില്‍ബെര്‍ട്ട് തിയോഡൊറോ, പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് ബോങ്‌ബോങ് മാര്‍കോസ് എന്നിവരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഫിലിപ്പീന്‍സിന്റെ നിയമാനുസൃത സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന അപകടകരമായ പ്രവര്‍ത്തനങ്ങളെ യുഎസും അപലപിച്ചിരുന്നു.

Tags