കങ്കണ റണാവത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം; ചോദ്യം ചെയ്ത് ഹര്‍ജി
ഷിംല: നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്‍റെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹിമാചൽ ഹൈകോടതിയിൽ ഹര്‍ജി. മാണ്ഡി മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് തെരഞ്ഞെടുപ്പ് വരണാധികാരി നാമനിർദേശപത്രിക തള്ളുകയും ചെയ്ത ലായക് റാം നേഗിയാണ് കങ്കണക്കെതിരെ ഹര്‍ജി നൽകിയത്.
മാണ്ഡി മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള തന്‍റെ നാമനിർദേശപത്രിക നിരസിച്ച തെരഞ്ഞെടുപ്പ് വരണാധികാരി നടപടി തെറ്റെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി പരിഗണിച്ച ഹൈകോടതി കങ്കണ റാവത്തിന് നോട്ടീസ് അയച്ചു.
മുൻ സർക്കാർ ജീവനക്കാരനും കിന്നൗർ സ്വദേശിയുമായ നേഗി, താൻ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചെന്ന് വ്യക്തമാക്കി ജോലി ചെയ്ത വകുപ്പിൽ നിന്നുള്ള കുടിശ്ശിക ഇല്ല സർട്ടിഫിക്കറ്റ് നാമനിർദേശപത്രികക്കൊപ്പം ഹാജരാക്കിയിരുന്നു. എന്നാൽ, വൈദ്യുതി, വെള്ളം, ടെലിഫോൺ വകുപ്പുകളിൽ നിന്നുള്ള കുടിശ്ശിക ഇല്ല സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട വരണാധികാരി പത്രിക നിരസിച്ചെന്നും നേഗി ആരോപിക്കുന്നു.