മുഖ്യമന്ത്രിക്കെതിരെ 'പേ സിഎം' കാമ്പയിന്‍; ഡി കെ ശിവകുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍

google news
paycm



ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെയുള്ള 'പേസിഎം' ക്യാമ്പയിനുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


 ബി കെ ഹരിപ്രസാദ്,  രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രിയങ്ക ഖാഡ്‌ഗെ തുടങ്ങിയ നേതാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. പൊതുമരാമത്ത് ജോലികള്‍ക്ക് സര്‍ക്കാര്‍ 40% കമ്മീഷന്‍ വാങ്ങുന്നു എന്ന ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു  മുഖ്യമന്ത്രിക്കെതിരായ പേസിഎം പോസ്റ്ററുകള്‍. ഇ  വാലറ്റായ 'പേടിഎമ്മി'നോട് സാദൃശ്യമുള്ളതാണ് 'പേസിഎം' എന്ന വാചകത്തോടുകൂടി ക്യുആര്‍ കോഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്ററുകള്‍. ഇവ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. '40% ഇവിടെ സ്വീകരിക്കുന്നു' എന്ന ക്യാപ്ഷനോടുകൂടിയാണ് പോസ്റ്റര്‍. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ '40% സര്‍ക്കാര' എന്ന സൈറ്റിലേക്കാണ് പോവുന്നത്. കുറച്ച് ദിവസം മുമ്പാണ് സൈറ്റ് നിലവില്‍വന്നത്.

സര്‍ക്കാര്‍ ജോലിക്കും ബിജെപി. സര്‍ക്കാര്‍ കൈക്കൂലി വാങ്ങുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. കെട്ടിട നിര്‍മ്മാതാക്കളോടും കോണ്‍ട്രാക്ടര്‍മാരോടുമെല്ലാം സര്‍ക്കാര്‍ കൈക്കൂലി വാങ്ങുന്നെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയാകുകയാണ്.  എന്നാല്‍,  അടിസ്ഥാനരഹിതമായ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്നും അഴിമതി നടത്തിയെന്നതിന് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രതികരണം. തനിക്കെതിരെ തെരുവുകളില്‍ പതിച്ചത് തിന്മയുടെ പോസ്റ്ററാണെന്നും ബൊമ്മ പ്രതികരിച്ചിരുന്നു.

'തിന്മയുടെ ഡിസൈനാണത്. അവരുടെ പക്കല്‍ തെളിവുകളൊന്നുമില്ല. രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണത്. തെളിവ് ഹാജരാക്കാന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്. അവരുടെ (കോണ്‍ഗ്രസ്) ഭരണകാലത്ത് നിരവദി അഴിമതികളുണ്ടായിരുന്നല്ലോ, അതൊക്കെ പരിശോധിക്കണോ' ബൊമ്മെ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

Tags