ഒ. പനീർശെൽവത്തിന് 'ചക്ക' ചിഹ്നം

ചെന്നൈ :  സ്വതന്ത്ര സ്ഥാനാര്‍ഥിയായി രാമനാഥപുരത്ത് മത്സരിക്കുന്ന മുന്‍ അണ്ണാ ഡി.എം.കെ. നേതാവ് ഒ. പനീര്‍ശെല്‍വത്തിന് ചക്ക ചിഹ്നം അനുവദിച്ചു. ബക്കറ്റ്, ചക്ക, മുന്തിരി എന്നിവയിലേതെങ്കിലും ഒരു ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒ. പനീര്‍ശെല്‍വം തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ചക്ക ചിഹ്നം അനുവദിച്ചത്.

വി.സി.കെ.യ്ക്ക് കുടം ചിഹ്നംതന്നെ വീണ്ടും നല്‍കി.നേരത്തേ തമിഴ്നാട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുടം ചിഹ്നം അനുവദിക്കാന്‍ തയ്യാറായിരുന്നില്ല. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് വി.സി.കെ.യ്ക്ക് കുടം ചിഹ്നം അനുവദിച്ചത്.

പമ്പരം ചിഹ്നം നഷ്ടപ്പെട്ട എം.ഡി.എം.കെ.യ്ക്ക് തീപ്പെട്ടിചിഹ്നം അനുവദിച്ചു. ഒറ്റ സീറ്റില്‍ മാത്രം മത്സരിക്കുന്നുള്ളൂവെന്നും ചുരുങ്ങിയത് രണ്ട് സീറ്റില്‍ മത്സരിക്കണമെന്നും കാണിച്ചാണ് എം.ഡി.എം.കെ.യുടെ ചിഹ്നമായ പമ്പരം നിഷേധിച്ചത്. പമ്പരം അനുവദിക്കാന്‍ കഴിയില്ലെങ്കില്‍ തീപ്പെട്ടി, സിലിന്‍ഡര്‍ എന്നിവയിലേതെങ്കിലും അനുവദിക്കണമെന്ന് എം.ഡി.എം.കെ. ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തീപ്പെട്ടിചിഹ്നം നല്‍കിയത്.

Tags