നീതി നിഷേധം അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

google news
nvramana

ശ്രീനഗര്‍ : നീതി നിഷേധിക്കപ്പെടുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ജനങ്ങളുടെ അന്തസ്സും അവകാശങ്ങളും അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുമ്ബോള്‍ മാത്രമെ സമാധാനം നിലനില്‍ക്കുകയുള്ളൂ.

തര്‍ക്കങ്ങളുടെ ത്വരിതഗതിയിലുള്ള പരിഹാരം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ മുദ്രയാണ്. നീതി നിഷേധം അന്തിമമായി അരാജകത്വത്തിലേക്ക് നയിക്കും. ജനങ്ങള്‍ മറ്റു വഴികള്‍ തേടിയാല്‍ കോടതികള്‍ അസ്ഥിരമാകും. അതിനാല്‍ ജനങ്ങളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടണം-അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ പുതിയ ഹൈകോടതി കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

നമ്മുടെ രാജ്യത്ത് അവകാശങ്ങളുടെ ഭരണഘടനപരമായ സംരക്ഷണവും ഭരണഘടനയുടെ അഭിലാഷങ്ങള്‍ ഉയര്‍ത്തിപ്പിടിക്കലും കോടതികളുടെ കര്‍ത്തവ്യമാണ്. എല്ലാവര്‍ക്കും വേഗത്തില്‍ നീതി ലഭ്യമാക്കുന്നതില്‍ നീതിന്യായ വ്യവസ്ഥയുടെ കഴിവില്ലായ്മ നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിലുള്ള പ്രധാന വെല്ലുവിളിയാണ്.

ഇന്ത്യയിലെ നീതിനിര്‍വഹണ സംവിധാനം വളരെ സങ്കീര്‍ണവും ചെലവേറിയതുമാണ്. തങ്ങളുടെ അവകാശങ്ങളും അന്തസ്സും അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്ക് തോന്നേണ്ടത് ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യമാണ്. തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള വെല്ലുവിളികള്‍ ഭരണഘടനപരമായ നടപടികളിലൂടെ നേരിടാന്‍ ജുഡീഷ്യറി സാധ്യമാകും വിധം നവീകരിക്കപ്പെടണം. -ചീഫ് ജസ്റ്റിസ് പറഞ്ഞു.

Tags