ഇവിഎമ്മുകള്‍ വേണ്ട, തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവരാന്‍ പ്രചാരണം നടത്തും; ഖര്‍ഗെ
ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ഖാര്‍ഗെ പറഞ്ഞു
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇവിഎം വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതിനായി ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ പാര്‍ട്ടിയുടെ ഭരണഘടനാ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 288-ല്‍ 230 സീറ്റുകള്‍ ബിജെപി നേടിയതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇതിന് പിന്നാലെയാണ് ഇവിഎം തിരിമറി ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്.