ഹരിയാന തിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല; കോണ്‍ഗ്രസിന്റെ വാദങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഒരു ദേശീയ പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിക്കാത്ത കാര്യമാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്ന് കമ്മീഷന്‍
ഹരിയാന തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസിന്റെ വാദം അടിസ്ഥാനരഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും ജനാധിപത്യപരമായും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തിലുമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാമര്‍ശം.
തിരഞ്ഞെടുപ്പിന്റെ സമഗ്രത നിലനിര്‍ത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. തിരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കൃത്യമായ തെളിവുകളില്ലാതെ അട്ടമിറി ആരോപണം ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കും. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാജ്യത്ത് വിവിധ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
കൃത്രിമം നടന്നില്ലെന്ന് വ്യക്തമാക്കി അടുത്ത ഓരോ ഘട്ടത്തിലേക്കും കടക്കാനുള്ള സ്ഥാനാര്‍ത്ഥിയുടെ സമ്മതം ഓരോ ഘട്ടത്തിലും കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തുന്നുണ്ട്. ഒരു ദേശീയ പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിക്കാത്ത കാര്യമാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ വാദങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ഉന്നയിക്കണമെന്നും ആവശ്യപ്പെട്ടു