വീഡിയോകോളിലൂടെ ഡോക്ടറുടെ നിർദേശം കേട്ട് പ്രസവമെടുക്കാൻ നഴ്‌സുമാരുടെ ശ്രമം; കുഞ്ഞ് മരിച്ചു

google news
baby

ചെന്നൈ: വീഡിയോകോളിലൂടെ ഡോക്ടറുടെ ഉപദേശംകേട്ട് പ്രസവമെടുക്കാനുള്ള നഴ്സുമാരുടെ ശ്രമം പാളി. നവജാതശിശു മരിച്ചു. ചെങ്കല്‍പ്പെട്ട് ജില്ലയിലെ മധുരാന്തകത്താണ് സംഭവം. സൂനമ്പേട് സ്വദേശി മുരളി, പുഷ്പ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. പ്രസവദിവസം അടുത്തതിനാലാണ് പുഷ്പയെ ഇല്ലിടു എന്നസ്ഥലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പുഷ്പയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഈ സമയം അവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല.

വേദന കലശലായതോടെ മൂന്നു നഴ്‌സുമാര്‍ ചേര്‍ന്ന് പ്രസവമെടുക്കാന്‍ തീരുമാനിച്ചു. സ്‌കാന്‍ റിപ്പോര്‍ട്ടുപോലും പരിശോധിക്കാതെയായിരുന്നു അവരുടെ ശ്രമം. തലയ്ക്കുപകരം ഗര്‍ഭസ്ഥശിശുവിന്റെ രണ്ട് കാലുകള്‍ പുറത്തേക്കുവന്നതോടെ നഴ്സുമാര്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു. തുടര്‍ന്ന് വീഡിയോകോളിലൂടെ ഡോക്ടറെ വിളിച്ചു. ഡോക്ടര്‍ നല്‍കിയ നിര്‍ദേശപ്രകാരം നാലുമണിക്കൂര്‍നേരം ശ്രമിച്ചിട്ടും കുഞ്ഞിന്റെ തല പുറത്തേക്കുവന്നില്ല.

പിന്നീട് വീഡിയോകോള്‍ ശ്രമം ഉപേക്ഷിച്ച് നഴ്സുമാര്‍ പുഷ്പയെ ആംബുലന്‍സില്‍ മധുരാന്തകം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. പാതിവഴിയില്‍ പുഷ്പ പ്രസവിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അനാസ്ഥകാരണമാണ് കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടതെന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹം വാങ്ങാന്‍ വിസമ്മതിച്ചു. സ്ഥലത്തെത്താതെ വീഡിയോകോളിലൂടെ നഴ്സുമാര്‍ക്ക് നിര്‍ദേശം നല്‍കിയ ഡോക്ടര്‍ക്കെതിരേ നടപടിസ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Tags