നവരാത്രി ഉത്സവത്തോടനുബന്ധിച്ച് അയോധ്യയിലെ എല്ലാ ഇറച്ചി കടകളും അടച്ചിടണം : ഉത്തരവുമായി സർക്കാർ
ലഖ്‌നോ: ഒക്‌ടോബർ മൂന്നിന് ആരംഭിക്കുന്ന ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ഉത്സവത്തോടനുബന്ധിച്ച് അയോധ്യയിലെ എല്ലാ ഇറച്ചി കടകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.
വരാനിരിക്കുന്ന നവരാത്രി ഉത്സവം കണക്കിലെടുത്ത്, അയോധ്യ ജില്ലയിൽ 03.10.2024 മുതൽ 11.10.2024 വരെ എല്ലാ ഇറച്ചിക്കടകളും അടച്ചിടണമെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റൻ്റ് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. കടകളിൽ ഏതെങ്കിലും തരത്തിൽ മാംസം വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ഉത്തരവ് പാലിക്കാത്തവർക്കെതിരെ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.