ബെംഗളൂരു-മൈസൂരു പാതയിൽ ടോൾ നിരക്ക് വര്‍ധിപ്പിച്ച് ദേശീയപാതാ അതോറിറ്റി

National Highways Authority has increased the toll rate on Bengaluru-Mysuru road

ബെംഗളൂരു - മൈസൂരു പാതയിലെ ടോള്‍ നിരക്ക്  ദേശീയപാതാ അതോറിറ്റി വര്‍ധിപ്പിച്ചു . ഏപ്രില്‍ ഒന്നുമുതലാണ് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരിക. വാഹനങ്ങളനുസരിച്ച് അഞ്ചുരൂപ മുതല്‍ 50 രൂപവരെയാണ് വര്‍ധന. ഇതോടെ, ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കു പോകാനും മൈസൂരുവഴി നാട്ടിലേക്ക് പോകാനുമുള്ള ചെലവ് കൂടും.

പാതയില്‍ ടോള്‍ പിരിവ് തുടങ്ങിയശേഷം രണ്ടാംതവണയാണ് നിരക്ക് കൂട്ടുന്നത്. പുതുക്കിയ നിരക്കനുസരിച്ച് കാറുകള്‍ക്ക് ഒരുദിശയിലേക്കുള്ള നിരക്ക് 165 രൂപയില്‍നിന്ന് 170 രൂപയായും ബസുകള്‍ക്കും ലോറികള്‍ക്കും ഒരുവശത്തേക്ക് 565 രൂപയായിരുന്നത് 580 രൂപയായുമാണ് വര്‍ധിച്ചിരിക്കുന്നത്.

ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും മിനി ബസുകള്‍ക്കും ഒരുവശത്തേക്ക് 270 രൂപ നല്‍കേണ്ടത് 275 ആയാണ് വര്‍ധിക്കുക. വലിയ വാഹനങ്ങള്‍ക്ക് 1,110 രൂപയാണ് ഏപ്രില്‍ ഒന്നുമുതല്‍ നല്‍കേണ്ടത്. നേരത്തേ ഇത് 1,060 രൂപയായിരുന്നു. പ്രതിമാസ പാസുകള്‍ക്ക് 800 രൂപവരെയാണ് വര്‍ധന. ദേവനഹള്ളി നല്ലൂര്‍ ടോള്‍ പ്ലാസയിലും നിരക്ക് വര്‍ധിച്ചിട്ടുണ്ട്.

അതേസമയം, ചില ഇളവുകള്‍ ടോള്‍ പ്ലാസകളില്‍നിന്ന് ലഭിക്കും. 24 മണിക്കൂറിനുള്ളിലുള്ള മടക്കയാത്രയ്ക്ക് 25 ശതമാനവും മാസം 50 തവണയെങ്കിലും ഒരു വശത്തേക്ക് യാത്രചെയ്താല്‍ 33 ശതമാനവും ഇളവുണ്ടാകും. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ള സ്വകാര്യ വാഹന ഉടമകള്‍ക്ക് 340 രൂപയ്ക്ക് ഒരുമാസത്തേക്കുള്ള പാസും ലഭിക്കും

Tags